Monday, August 25, 2008

കള്ളു കുടിച്ചാലുള്ള വിന

നാട്ടിന്‍ പുറങ്ങളില്‍ മിക്കവാറും ഒരു കള്ളു ഷാപ്പെങ്കിലും കണാതിരിക്കില്ല.അന്തിയാവുമ്പോ‍ള്‍ കുറച്ചു കള്ളു മോന്തി വീട്ടിലെത്തിയലേ ചിലര്‍ക്കക്കൊക്കെ തൃപ്തിയാവൂ.അക്കൂട്ടരില്‍ ഒരു പ്രധാനിയും കാണും-നാട്ടിലെ പേരെടുത്ത ഒരു കുടിയന്‍.ഞങ്ങളുടെ നാട്ടിലും ഉണ്ട് അങ്ങനെ ഒരാള്‍.പേര് ഇട്ടി.


ഇട്ടിയുടെ കൈയ്യില്‍ ബാഗും സഞ്ചിയും ഒന്നും ഇല്ല.കൈയ്യില്‍ കിട്ടുന്നതെല്ലാം മടിശ്ശീലയിലാണ് സൂക്ഷിക്കുക.അതില്‍ ഇല്ലാത്ത സധനങ്ങള്‍ ഉണ്ടാവില്ല.മുറുക്കാനും,കാശും,കുട്ടികള്‍ക്കുള്ള പലഹാരവും ഒക്കെ ഉണ്ടാവും അതില്‍.സന്ധ്യയ്ക് പണിയൊക്കെ കഴിഞ്ഞ് കള്ളുഷാപ്പില്‍ കേറി ഹാജര്‍ വച്ച്,കിട്ടുന്നതില്‍ പകുതി അവിടെ ചിലവാക്കണം ഇട്ടിക്ക്.അങ്ങനെ ചെറുതായിട്ടൊന്നു ‘മിനുങ്ങി’യാണു വീട്ടിലേയ്ക്ക്ക്കുള്ള മടക്കം.ചുരുക്കി പറഞ്ഞാല്‍ നാലു കാലില്‍.താന്‍ ഈ വഴിയിലൂടെ പൊകുന്നുണ്ടെന്നു നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ടാണ് പോക്ക്.ഒന്നുകില്‍ ഒരു പാട്ട്, അല്ലെങ്കില്‍ പ്രസംഗം.അതാണു ഇട്ടിയുടെ രീതി.പോകുന്ന വഴിക്കു ചിലപ്പോള്‍ നാല് കാലുകളില്‍ ഒന്നിനു ക്ഷീണം തോന്നിയാല്‍ അവിടെ വീഴും.

ഒരു ദിവസം സന്ധ്യയ്ക്ക് പാട്ടും പാടി അങ്ങനെ പോകുകയാണ് കക്ഷി.(അന്നു എന്നത്തേക്കാള്‍ കുറച്ചു കൂടി പൂസായ മട്ടാണ്).നല്ല നല്ല പാട്ടുകളും പ്രസംഗങ്ങളും അനര്‍ഗ്ഗനിര്‍ഗ്ഗളം പ്രവഹിക്കുന്നുണ്ട്.ഒരു പകുതി വഴി ആയിക്കാണും.ദേ കിടക്കുന്നു ഇട്ടി പോസ്റ്റിന്റെ ചുവട്ടില്‍.നാവു കുഴയുന്നുണ്ടെങ്കിലും കുറച്ചു ദേഷ്യത്തോടെ തന്നെ ഇട്ടി ചോദിച്ചു-”ആഴാടാ എന്നെ തള്ളിയിട്ടത്”?പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അങ്ങനെ കിടന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വഴിപോക്കന്‍ പട്ടി അതിലേ ഓടി വന്നു.പട്ടിക്കു പെട്ടെന്നൊരു മൂത്രശങ്ക.അത് മാറ്റാനായി അവന്‍ തിരഞ്ഞെടുത്തതു നമ്മുടെ ഇട്ടി കിടക്കുന്ന പോസ്റ്റിന്റെ ചുവടു തന്നെ.അങ്ങനെ അവന്‍ കുറച്ചു മൂത്രം ഇട്ടിയുടെ മുഖത്തേക്കും ഒഴിച്ചു കൊടുത്തു.പെട്ടെന്ന് പൂസായി കിടന്ന ഇട്ടി ഒരു മുദ്രാവാക്യം വിളിക്കുന്ന സ്റ്റൈലില്‍ ചടുലതയോടെ ഇങ്ങനെ പാടി: “പെയ്യട്ടങ്ങനെ പെയ്യട്ടെ ഇടിയും വെട്ടി പെയ്യട്ടെ” ....................

Friday, August 22, 2008

കോഴിക്കുഞ്ഞുമായി ഒരു യുദ്ധം

കഥ എഴുതി യാതൊരു മുന്‍പരിചയവുമില്ലാത്ത ഞാന്‍ ഇപ്പോള്‍ ഇതാ ആ സാഹസം കാണിക്കുന്നു.പോരയ്മകള്‍ ഉണ്ടെങ്കില്‍ ഷ്കമിക്കുക.ഇവിടെ പറയാന്‍ പോകുന്നത് ചെറുപ്പത്തില്‍ ഞാന്‍ ഒരു പാവം കോഴിക്കുഞ്ഞുമായി യുദ്ധം ചെയ്ത കഥയാണ്. കഥ ഇങ്ങനെ...

ഒരു ശനിയാഴ്ച രാവിലെ ആണു സംഭവം.അന്നു ഞാന്‍ നാലം ക്ലാസ്സിലും കുട്ടന്‍-അതായതു എന്റെ അനുജന്‍ ഒന്നാം ക്ലാസ്സിലും പഠിക്കുന്ന സമയം.ശനിയും ഞായറും! കളിച്ചു തിമിര്‍ക്കാനുള്ള ദിവസങ്ങള്‍.
രാവിലെ പതിവു പോ‍ലെ അമ്മ ദോശയുണ്ടാക്കി.ഞാനും കുട്ടനും വഴക്കിട്ടു കൊണ്ട് അതു കഴിച്ചു തീര്‍ത്തു.ഈ വഴക്ക് പതിവാണ്.എനിക്കു 2 എണ്ണം തന്നാല്‍ അവനു 4 എണ്ണം വേണം.അതിനാണു് വഴക്ക്.ഒരൊറ്റ കാര്യത്തിലേ അവന് ആ വാശി ഇല്ലാതുള്ളൂ , അടി കിട്ടുമ്പോള്‍ മാത്രം.അപ്പോള്‍ നേരെ മറിച്ചാണ്.അവന് 1 കിട്ടിയാല്‍ എനിക്കു 10 കിട്ടണം.എനിക്കു തല്ലു കിട്ടുമ്പോള്‍ അവന്റെ മുഖത്തു വിരിയുന്ന സന്തോഷം കാണണം.

അങ്ങനെ, പ്രാതലൊക്കെ കഴിച്ചു് ഞങ്ങള്‍ പറമ്പു തെണ്ടാനിറങ്ങി.നേരെ കണ്ടാല്‍ കീരിയും പാമ്പും പോലെ ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ചാണു കളിയും തെണ്ടലും എല്ലാം.അന്നു പറമ്പില്‍ കൂടുതലും റബ്ബര്‍ മരങ്ങളാണ്.അതിനു പിറകിലായി മറ്റമ്മയുടെ വീട്.മറ്റമ്മക്ക് വയസ്സായി.അവിടെ കുറേ കോഴിയും,കോഴിക്കുഞ്ഞുങ്ങളും ഒക്കെയുണ്ട്.അവറ്റകള്‍ കഴിക്കാ‍നായി ഞങ്ങളുടെ പറമ്പിലും വരും.
ഞാനും കുട്ടനും കൂടി പ്രകൃതി നിരീക്ഷണം എന്ന വ്യാജേന വല്ല്യ ഗമയില്‍ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ നടപ്പാണ്.അപ്പോള്‍ അതാ അമ്മക്കോഴിയും കുഞ്ഞുങ്ങളും ഞങ്ങളുടെ മുന്നിലൂടെ മണ്ണും മാന്തി നടക്കുന്നു.എനിക്കു പെട്ടെന്ന് ഒരാഗ്രഹം.ഒരു കോഴിക്കുഞ്ഞിനെ കൈയ്യിലെടുക്കണം.ചുമ്മാ ഒന്നു നിരീക്ഷിച്ചിട്ടു വിട്ടേക്കാം.പക്ഷെ എങനെ അതിനെ പിടിക്കും?കോഴിക്കുഞ്ഞു ഓടും എന്നതു ഒരു കാര്യം.പിന്നെ അതിനെ തൊടാന്‍ ചെന്നാല്‍ അമ്മക്കോഴി എന്നെ ശരിയാക്കും എന്ന ഭയവും.ഞാന്‍ എന്റെ ശിങ്കിടിയെ(കുട്ടനെ) കാര്യം ധരിപ്പിച്ചു.അവന്‍ എനിക്കു ധൈര്യം പകര്‍ന്നു.
അങ്ങനെ കൂലംകഷമായ ആലോചനക്കു ശേഷം ഞങ്ങള്‍ ഒരു വഴി കണ്ടെത്തി.ഞാന്‍ യുദ്ധത്തിനു തയ്യാറായി.കുട്ടന്‍ സൈന്യാധിപന്റെ വേഷമണിഞ്ഞു..അമ്മക്കോഴിയെ ഓടിക്കുക എന്ന ധീര ദൌത്യം അവന്‍ ഏറ്റെടുത്തു.ഞാന്‍ കുഞ്ഞിന്റെ പിറകെ ഓടാന്‍ തുടങ്ങി.പക്ഷെ ഈ കോഴിക്കുഞ്ഞ് ഒളിമ്പിക്സ് ചമ്പ്യനെപോലെ ഓടുന്നു,പറക്കുന്നു.എനിക്കൊന്നു തൊടാന്‍ പോലും കിട്ടുന്നില്ല.സംഗതി ഇങ്ങനെ പോയാല്‍ ശരിയാവില്ല.ഞാന്‍ എന്റെ ആയുധം എടുത്തു.മറ്റൊന്നുമല്ല, ഒരു ചെറിയ റബ്ബര്‍ കമ്പ്.അതു വച്ച് അതിനെ പിടിച്ചു‍ നിര്‍ത്താം.എന്നിട്ടു കൈയ്യിലെടുക്കാം.ഇതായിരുന്നു പ്ലാന്‍.
ഞാന്‍ യുദ്ധം തുടര്‍ന്നു.കമ്പു വച്ചു പതുക്കെ പിടിച്ചു നിര്‍താന്‍ ചെല്ലുമ്പോള്‍ അതെന്നെ ഇട്ടു വട്ടു കളിപ്പിക്കുന്നു.എനിക്കു വാശിയായി.കൂടുതല്‍ ശക്തിയോടെ ഞാന്‍ പൊരുതാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ കോഴിക്കുഞ്ഞിന്റെ സ്പീട് കുറഞ്ഞു.ഞാന്‍ വിജയിക്കാന്‍ പോകുന്നതിന്റെ സന്തോഷമായി എനിക്ക്.പക്ഷെ..ഞാ‍ന്‍ കോരിയെടുക്കാന്‍ ചെല്ലുമ്പോള്‍ എനിക്കു മനസ്സിലായി.അതിനു ജീവനില്ല....
എന്റെ ദൈവമെ! ഞാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചുപോയി.സങ്കടവും പേടിയും എല്ലാം ഒരുമിച്ചു വന്ന ഒരവസ്ഥ.ഞാന്‍ ഒരു കോഴിക്കുഞ്ഞിനെ കൊന്നിരിക്കുന്നു!ഓര്‍ക്കാന്‍ കൂടി വയ്യ.ഉമ്മറത്തു കറുത്ത കണ്ണട വച്ചു ചാരുകസേരയില്‍ നിവര്‍ന്നു കിടക്കുന്ന മുത്തശ്ശനെ ഓര്‍ത്തപ്പോള്‍ ഹൃദയം പടപടാ അടിക്കാന്‍ തുടങ്ങി.
സൈന്യാധിപന്‍ ഇതൊന്നുമറിയാതെ ഇപ്പൊഴും കോഴിയുടെ പിന്നാലെ പായുകയാണ്.അവന്‍ ഇതറിഞ്ഞാല്‍ പിന്നെ മറ്റൊന്നും വേണ്ട.ബി.ബി.സി.എങ്കിലും ഞാന്‍ അവനോടു കാര്യം പറഞ്ഞു.പെട്ടെന്ന് അവന്റെ സ്വഭാവം മാറി.”ചേച്ചി അതിനെ കൊന്നൊ?ഞാന്‍ എല്ലാവരോടും പറയും.നൊക്കിക്കൊ..” ഇങ്ങനെ കിട്ടിയ അവസരം പാഴാക്കതെ അവന്‍ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.ഒരു വിധത്തില്‍ ഞന്‍ ഒരോന്നു പറഞ്ഞു അവനെ എന്റെ വശത്താക്കി.ഞങ്ങള്‍ ഒരു കുഴി കുഴിച്ച് അതിനെ കരിയില കൊണ്ടു മൂടി.എന്നിട്ട് ഒന്നും സംഭവിക്കത്ത പോലെ വീട്ടിലെത്തി.
വൈകുന്നെരമായപ്പൊള്‍ മറ്റമ്മ കോഴിക്കുഞ്ഞിനെ കാണാഞ്ഞു വീട്ടില്‍ വന്നു.ആരെങ്കിലും കണ്ടോ എന്നന്വേഷിക്കാന്‍.ഞങ്ങള്‍ രണ്ടു പേരും ഒന്നും അറിയാത മട്ടില്‍ ഇരുന്നു.അവസാനം ആ കൊലപാതക കുറ്റം എല്ലാവരും കൂടി വീട്ടിലെ പട്ടിയുടെ മേല്‍ ചുമത്തി.അതിനോടു വല്ലാതെ സ്നേഹം തൊന്നിയ നിമിഷം ആയിരുന്നു അത്.
ഞങ്ങള്‍ വലുതായപ്പോള്‍ ഈ കഥ ഞാന്‍ എല്ലാവരോടും പറഞ്ഞു.അപ്പോള്‍ എല്ലാവര്‍ക്കും അതൊരു തമാശ.അന്നെങ്ങാന്‍ അതു അറിഞ്ഞിരുന്നെങ്കിലോ..ഒരു കോലാഹലം തന്നെ ഉണ്ടായേനെ.പക്ഷെ ഇപ്പൊഴും ആ സങ്കടം എന്റെ മനസ്സില്‍ നിന്നും മായുന്നില്ല.കോഴിക്കുഞ്ഞെ, എന്നോടു ക്ഷമിക്കു.....